പ്രാദേശിക മൊഴിവഴക്കങ്ങളുടെ ചാരുതയാണ് വേളാവൂര്‍ വഴി വെഞ്ഞാറമൂട് എന്ന കഥാസമാഹാരത്തിന്റെ സവിശേഷത. ഈ കഥകളിലൊക്കെയും കടന്നുവരുന്നത് സാധാരണ മനുഷ്യരുടെ സംഘര്‍ഷങ്ങളാണ്. നേര്‍ത്തൊരു നര്‍മ്മം ഈ കഥകളെ പിന്തുടരുന്നു. സ്വന്തം ദേശവും കാലവും കഥകളിലെ അനുഭവമുദ്രകളായി പതിഞ്ഞുകിടക്കുമ്പോഴത്രെ കാലത്തിനപ്പുറത്തുനിന്നും കഥകളെത്തേടി വായനക്കാര്‍ എത്തുന്നത്. കഥയില്‍ കഥയില്ലാതാവുന്നു എന്ന കദനഭാഷണങ്ങള്‍ക്ക് ഇടമൊരുക്കാതെയുള്ള രചനാരീതിയാണ് പ്രതാപന്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു വൈകാരിക മുഹൂര്‍ത്തത്തെ മുന്‍നിര്‍ത്തി വികസിപ്പിച്ചെടുക്കുന്നതാവണം ചെറുകഥകള്‍ എന്ന പ്രാമാണിക തത്ത്വത്തെ പ്രതാപന്‍ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നു. അത്തരമൊരു വൈകാരിക നൈരന്തര്യം ഈ കഥകളുടെ തച്ചന്‍ ഒരുക്കിക്കൊടുത്തിരിക്കുന്നു. ഉന്മേഷപ്രദമായൊരു വായനയ്ക്കായി ഈ പുസ്തകം തുറന്നുവയ്ക്കുന്നു.